നിഴലുകള്‍ക്ക് നിറങ്ങള്‍ നല്‍കിയ കവി: എം.കെ ഭാസി

ഏതാണ്ട് കഴിഞ്ഞ അറുപതു വര്‍ഷത്തോളമായി സിംഗപ്പൂരിലെ മലയാളി സദസ്സുകളിലെ നിറസാന്നിധ്യം. കവി, പത്രപ്രവര്‍ത്തകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍, അദ്ധ്യാപകന്‍ എന്നീ നിലകളില്‍ സുപരിചിതനായ ശ്രീ. എം കെ ഭാസിയുമായി പ്രവാസി എക്സ്പ്രസ്സ്‌ നടത്തിയ അഭിമുഖം.

 

1)      കവിതയോടുള്ള താല്പര്യം ജനിച്ചത്‌ എന്നു മുതലാണ്‌? കവിതയെഴുത്ത് ആരംഭിച്ചത് എങ്ങിനെയാണ്?

 

സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ക്കു തന്നെ കവിത എഴുതി തുടങ്ങിയിരുന്നു.  തുടക്കത്തില്‍ ധാരാളമായി കവിതകള്‍ വായിക്കുമായിരുന്നു എങ്കിലും എഴുതണമെന്നു തോന്നിയിരുന്നില്ല. എന്നാല്‍ എട്ടാം തരത്തില്‍ പഠിക്കുമ്പോള്‍, അതായത് അന്നത്തെ ഫോര്‍ത്ത് ഫോറം, കവിതയെഴുത്ത് തുടങ്ങുവാന്‍ പ്രചോദനമായ ഒരു സംഭവം ഉണ്ടായി. എന്‍റെ അടുത്ത സുഹൃത്തായിരുന്ന ഒരു സഹപാഠി ഒരു കുറച്ചു  കവിതകള്‍ അടങ്ങിയ ഒരു  പുസ്തകം പബ്ലിഷ് ചെയ്തു. എനിക്ക് കവിതകളോട് ഉണ്ടായിരുന്ന താല്പര്യം അറിയാമായിരുന്ന എന്‍റെ ഫോറം ടീച്ചര്‍ എന്തു കൊണ്ട് കവിതകള്‍ എഴുതിക്കൂടാ എന്ന് ചോദിച്ചു. ശരിയാണല്ലോ എന്ന് എനിക്കും തോന്നി. അങ്ങനെ എന്‍റെ പാഠപുസ്തകത്തിലുള്ള ഒരു ഇംഗ്ലീഷ് കവിതയുടെ ഒരു ആശയാനുവാദം എഴുതി  ടീച്ചറെ കാണിച്ചു. കൊള്ളാം എന്ന് അന്ന് ടീച്ചര്‍ പറഞ്ഞ അഭിപ്രായം കൂടുതല്‍ കവിതകള്‍ എഴുതുവാന്‍ പ്രചോദിപ്പിച്ചു. അങ്ങിനെ ഒരു ദിവസം  അച്ഛനുമായി അടുപ്പം ഉണ്ടായിരുന്ന അന്നത്തെ ഞങ്ങളുടെ വിദ്യാലയത്തിലെ മലയാളം അധ്യാപകനും അറിയപ്പെടുന്ന കവിയുമായിരുന്ന കേശവന്‍ വൈദ്യരെ എന്‍റെ കവിത രഹസ്യമായി കാണിച്ചുകൊടുത്തു. സ്ഥിരമായി ഇടുന്ന കോട്ടിന്‍റെ പോക്കറ്റില്‍ ഇട്ടു കൊണ്ട് പോയ ആ കവിത പിന്നീട് വെളിച്ചം തിരിച്ചു കിട്ടിയിട്ടില്ല. അങ്ങനെ അന്ന് എഴുതിയതാണ് എന്‍റെ ആദ്യ കവിത.

 

2)      പിന്നീട് എപ്പോഴാണ് കവിതകള്‍ മാസികകളിലും മറ്റും  പ്രസിദ്ധീകരിച്ചു തുടങ്ങിയത്?

സ്കൂള്‍ പഠനം ഏതാണ്ട് അവസാനിക്കാറായ കാലഘട്ടത്തിലാണ്  ഒരു കവിത എന്തു കൊണ്ട് പ്രസിദ്ധീകരണത്തിനു അയച്ചു കൊടുത്തുകൂടാ എന്ന ചിന്ത മനസ്സിലുദിച്ചത്. അന്ന് തിരുവിതാംകൂറില്‍ അറിയപ്പെടുന്ന മലയാളപത്രം കൊല്ലത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മലയാളരാജ്യം ആയിരുന്നു. അവരുടെ ഞായറാഴ്ച പതിപ്പിലാണ് ആദ്യമായ് ഒരു കവിത പ്രസിദ്ധീകരിച്ചത്. തുടര്‍ന്നു പിന്നീടും ചില കവിതകള്‍ മലയാളരാജ്യത്തില്‍ തന്നെ പ്രസിദ്ധീകരിക്കയുണ്ടായി. അതു കഴിഞ്ഞു  കോളേജില്‍ എത്തിയപ്പോള്‍ കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘പ്രസന്നകേരള’ത്തിലും ഒന്ന് രണ്ടു കവിതകള്‍ പബ്ലിഷ് ചെയ്തു. തുടര്‍ന്ന്‍ അവരുടെ വിശേഷാല്‍ പ്രതികളില്‍ കവിത നല്‍കുവാന്‍ ആവശ്യപ്പെട്ട് എഴുത്തുകള്‍ ലഭിക്കുമായിരുന്നു. അങ്ങിനെ ലഭിക്കുന്ന എഴുത്തുകള്‍ ഒരു വലിയ പ്രോല്‍സാഹനമായിരുന്നു.

3)      കവിതകള്‍ പ്രസിദ്ധീകരിക്കപ്പെടാതെ പോയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ?

 

കോളേജില്‍ പഠിക്കുന്ന കാലഘട്ടത്തില്‍ ആണ് കെ.ബാലകൃഷ്ണന്‍ കൌമുദി ആരംഭിക്കുന്നത്. ഏതാണ്ട് അഞ്ചോളം കവിതകള്‍ അവര്‍ക്കയച്ചു കൊടുത്തു. ഒന്നു പോലും പബ്ലിഷ് ചെയ്തില്ല. അവര്‍ക്കന്ന്‍ ആവശ്യം വിപ്ലവാമാത്മക-കവിതകളായിരുന്നു. സത്യത്തില്‍ വയലാറിനെയും ഓ.എന്‍.വി യെയും പോലും അവര്‍ അക്കാലത്ത് അംഗീകരിച്ചിട്ടില്ലായിരുന്നു. അന്നുമുതല്‍ക്കു തന്നെ എന്‍റെ കവിതകള്‍ കുറച്ചു കൂടി കാല്‍പനികത നിറഞ്ഞതായിരുന്നു.

 

4)      അങ്ങേക്ക് ഓ.എന്‍.വി കുറുപ്പുമായി ചിരകാലബന്ധം ഉണ്ട് എന്നു കേട്ടിട്ടുണ്ട്. അതേക്കുറിച്ച് എന്താണ് ഓര്‍ത്തെടുക്കുവാനുള്ളത്?

 

ഓ.എന്‍.വിയും ഞാനും ഒരേ കോളേജിലാണ് പഠിച്ചിരുന്നത്. അദ്ദേഹം എന്‍റെ ഒരു വര്‍ഷം ജൂനിയര്‍ ആയിരുന്നു. അദ്ദേഹത്തിന്‍റെ പൊന്നരിവാളമ്പിളി പുറത്തിറങ്ങുന്നത് അക്കാലത്തായിരുന്നു. നാടകഗാനമായൊക്കെ രൂപാന്തരം പ്രാപിക്കുന്നതിന് മുന്‍പ് കൊല്ലത്ത് നിന്നിറങ്ങുന്ന ഒരു മാഗസിനില്‍ ആണ് ആദ്യമായി ആ കവിത അച്ചടിച്ചു വന്നത്. ഞാനതോര്‍ക്കാന്‍ കാര്യം, എന്‍റെ ഒരു കവിതയും അതേ മാഗസിനില്‍ ഉണ്ടായിരുന്നു.

 

5)      കോളെജ് പഠനം കഴിഞ്ഞ ശേഷം കവിത എഴുത്ത് കുറച്ചു കൂടി   സജീവമാക്കാന്‍ സാധിച്ചിരുന്നോ?

കോളേജ് പരീക്ഷ കഴിഞ്ഞ ഉടന്‍ പഠിച്ച സ്കൂളില്‍ തന്നെ അധ്യാപകനായി ഒരു വര്‍ഷത്തോളം പഠിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചു. പരീക്ഷാഫലം വരുന്നതിനു മുന്‍പേ തന്നെ ഞാന്‍ ജോലിയില്‍ പ്രവേശിച്ചു. രസതന്ത്രമായിരുന്നു വിഷയം. അങ്ങിനെ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ആണ് സിംഗപ്പൂരിലേക്ക് വരുവാനുള്ള ആഗ്രഹം മനസ്സില്‍ ഉദിച്ചത്. 1950-കളുടെ തുടക്കത്തില്‍ ആയിരുന്നു അത്. അടുത്തു പരിചയമുള്ള ഒരു നാട്ടുകാരന്‍ സിംഗപ്പൂരില്‍ ഉണ്ടായിരുന്നു. അദ്ദേഹം സ്പോണ്സര്‍ ചെയ്യാം എന്ന് സമ്മതിക്കുകയും ചെയ്തു. അങ്ങനെ പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കി. ആദ്യത്തെ ജോലി രാജിവെച്ചു. എന്നാല്‍  പാസ്സ്പോര്‍ട്ട് കിട്ടാന്‍ കുറച്ചധികം കാലം കാത്തിരിക്കേണ്ടി വന്നു. ആ ഇടവേളയില്‍ ശിവഗിരിയില്‍ ഒരു വിദ്യാലയത്തില്‍ അധ്യാപകനായി ജോലി നോക്കി.

ശിവഗിരിയില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന ഒരു ഓണക്കാലത്താണ് സാഹിത്യപ്രവര്‍ത്തകസംഘവുമായി ചേര്‍ന്ന് കൌമുദി പത്രം ഒരു കവിതാമത്സരം നടത്തിയത്.

അഞ്ഞൂറ് രൂപയുടെ പുസ്തകങ്ങളായിരുന്നു സമ്മാനം. അക്കാലത്ത് അതൊരു വലിയ സമ്മാനമായിരുന്നു. അവരുടെ പത്രപരസ്യം കണ്ട അതെ ദിവസമാണ് മുന്‍പ് എഴുതി പൂര്‍ത്തിയാകാതെ വച്ചിരുന്ന ഒരു കവിത എഴുതിയ ഒരു കടലാസു കഷണം ആകസ്മികമായി കയ്യില്‍ വന്നു പെട്ടത്. അതു എഴുതി പൂര്‍ത്തിയാക്കി അന്നുതന്നെ പോസ്റ്റ്‌ ചെയ്യുകയും ചെയ്തു. പിന്നീട് അതിനെകുറിച്ച് ഓര്‍ത്തതേയില്ല. ഓണപ്പതിപ്പ് വന്നു തുറന്നു നോക്കിയപ്പോളാണ് ഒന്നാം സ്ഥാനം നേടിയതായി അറിഞ്ഞത്. ‘ശകുന്തള’ എന്ന കവിതയ്ക്കായിരുന്നു ആ സമ്മാനം.ആ സമ്മാനം ലഭിച്ച ശേഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ പ്രസിദ്ധീകരിക്കാതെ വച്ചിരുന്ന ചില കവിതകളും തുടര്‍ന്നുള്ള ലക്കങ്ങളില്‍ പ്രസിദ്ധീകരിച്ചു വന്നു. പിന്നീട് കുറെയേറെ കവിതകള്‍ കൌമുദിയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.

6)      എപ്പോളാണ് സിംഗപ്പൂരില്‍ എത്തിചേര്‍ന്നത്? എന്തൊക്കെ ആയിരുന്നു. ആദ്യകാല അനുഭവങ്ങള്‍?

1953 ല്‍ ആണ് സിംഗപ്പൂരില്‍ എത്തിച്ചേര്‍ന്നത്. സിംഗപ്പൂരില്‍ വന്ന് കുറച്ചു കാലം കാര്യമായി കവിതകള്‍ ഒന്നും തന്നെ എഴുതിയില്ല. അങ്ങിനെയിരിക്കെയാണ്‌ മുണ്ടശ്ശേരി മാഷ് മംഗളോദയത്തിന്‍റെ പത്രാധിപര്‍ ആയി വന്നത്. മംഗളോദയം സ്ഥിരമായി വരിസംഖ്യ അയച്ചു വരുത്തുമായിരുന്നു. അതില്‍ വരുന്ന സൃഷ്ടികള്‍ മിക്കവാറും മുണ്ടശ്ശേരി പ്രസിദ്ധരായ സാഹിത്യകാരന്മാരോട് അങ്ങോട്ട്‌ ആവശ്യപ്പെട്ട് എഴുതിക്കുന്നതായിരുന്നു. എന്തായാലും ഒരു കവിത അയച്ചു കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. ‘വീണപൂവ്‌’ എന്ന കവിതയായിരുന്നു അത്. അത്ഭുതമെന്നു പറയട്ടെ, അടുത്ത ലക്കത്തില്‍ ആ കവിത പ്രത്യക്ഷപ്പെട്ടു. അടുത്ത വിശേഷാല്‍ പ്രതിയില്‍ ചേര്‍ക്കാന്‍ ഒരു കവിത അദ്ദേഹം ഇങ്ങോട്ട് ആവശ്യപ്പെടുകയും ചെയ്തു. നിന്നുപോയ എഴുത്ത് പുനരാരംഭിക്കാന്‍ ഈ സംഭവം പ്രചോദനമായി.

സിംഗപ്പൂരിലെ ‘കലാനിലയം’ എന്ന സംഘടനക്ക് വേണ്ടി, ഭാരവാഹി ആയിരുന്ന പ്രേമരാജന്‍റെ സ്നേഹപൂര്‍വമായ നിര്‍ബന്ധത്തിന് വഴങ്ങി, അക്കാലത്ത് തുടര്‍ച്ചയായി കവിതകള്‍ എഴുതുമായിരുന്നു.

7)      മനസ്സില്‍ തോന്നുന്ന കവിതകള്‍ കുറിച്ചിടുകയാണോ അതോ കൂടുതലും മറ്റുള്ളവര്‍ ആവശ്യപ്പെട്ട് എഴുതുകയാണോ?

 

രണ്ടു രീതിയിലും ഉണ്ട്. ചിലപ്പോള്‍ മനസ്സില്‍ തോന്നുന്നതും, മറ്റു ചിലപ്പോള്‍ ആവശ്യപ്പെട്ടും. പലപ്പോഴും ഒരു വിഷയവുമില്ലാതെ രണ്ടോ നാലോ വരികള്‍ തോന്നും. എന്തിനെപറ്റി എഴുതുന്നു എന്ന് പോലും ചിന്തിക്കാതെ ഒരു ഈണത്തിനെ ആസ്പദമാക്കിയും കവിതകള്‍ മനസ്സില്‍ വിരിയാറുണ്ട്. പിന്നീടാണ് അതു ഒരു വിഷയമായി ആലോചിച്ച് ആവിര്‍ഭവിക്കുന്നതും അതിനു ഒരു ആശയം കൊടുക്കുന്നതും മറ്റും. ചിലപ്പോള്‍ പരസ്പരബന്ധമില്ലാത്ത കുറെ വരികളായിരിക്കും തോന്നുക. അതു കവിതയായി രൂപപ്പെടുത്തേണ്ടി വരും. അതു പലതവണ മാറ്റി എഴുതേണ്ടി വരും.

 

8)      നമ്മള്‍ ഉദ്ദേശിച്ച ഒരു സംതൃപ്തി ലഭിക്കുന്നത് വരെ. അല്ലെ?

 

അതെ. അതു പോലെ, എഴുതിവച്ചു കുറച്ചു ദിവസം കഴിഞ്ഞു വായിക്കുമ്പോഴായിരിക്കും അപൂര്‍ണ്ണത തോന്നുക. ഒറ്റയടിക്ക് വലിയ തിരുത്തലുകള്‍ ഒന്നും ഇല്ലാതെ എഴുതുന്നവരും ഉണ്ട്. തകഴിയെ പോലെ ഉള്ളവര്‍. ഒരിക്കല്‍  തകഴി ഏതാണ്ട് ഒന്നര മാസത്തോളം സിംഗപ്പൂരില്‍ താമസിച്ചിരുന്നു. എഴുതിയത് നേരിട്ട് പോസ്റ്റ്‌ ചെയ്യാനുള്ള സകര്യത്തിനു കാര്‍ബണ്‍ കോപ്പി പേപ്പര്‍  വച്ച് അദ്ദേഹം അധികം തിരുത്തലുകളോ മാറ്റിയെഴുതലുകളോ ഒന്നും ഇല്ലാതെ എഴുതുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്. കവിത അങ്ങിനെ എഴുതാന്‍ പ്രയാസമാണ് എന്നാണ് എനിക്ക് തോന്നുന്നത്. എങ്കിലും എഴുതുന്നവര്‍ കണ്ടേക്കാം.

9)      പിന്നിട്  എപ്പോളാണ് സിംഗപ്പൂരില്‍ നിന്ന് അന്ന് പുറത്തിറങ്ങിയിരുന്ന  ‘കേരളബന്ധു’ പത്രവുമായി ബന്ധപ്പെടുന്നതും അതിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നതും?

ഇവിടെ എത്തി ഒരാഴ്ചക്കകം തന്നെ അന്നത്തെ മലേഷ്യന്‍ മലയാളിയുടെ പത്രാധിപരായിരുന്ന വി പി അബ്ദുള്ളയുമായി പരിചയപ്പെടുകയും പത്രത്തിന്‍റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുകയും ചെയ്തു. ഗോപിനാഥപിള്ളയുടെ അച്ഛന്‍ യശ:ശരീരനായ കെ.എസ് പിള്ളയുടെ പ്രസ്സില്‍ ആയിരുന്നു കേരളബന്ധു അച്ചടിച്ചുകൊണ്ടിരുന്നത്. ആ പ്രസ്സിനടുത്തുള്ള ഒരു കാപ്പിക്കടയില്‍ മിക്കവാറും ദിവസവും വൈകുന്നേരം ഞങ്ങള്‍ ആറേഴു പേര്‍ ഒത്തു ചേരുമായിരുന്നു. അക്കൂട്ടത്തില്‍ അബ്ദുള്ളയും ഉണ്ടായിരുന്നു. അങ്ങനെയാണ് ഞാന്‍ അദ്ദേഹവുമായി അടുക്കുന്നത്.

ആയിടെയാണ് പത്രത്തിനു ഇംഗ്ലീഷ് വാര്‍ത്തകള്‍ തര്‍ജ്ജമ ചെയ്യാന്‍ ഒരാളുടെ സഹായം ആവശ്യമായി വന്നത്. കേരളബന്ധു ആഗോള വാര്‍ത്തകള്‍ക്ക് അന്ന് പ്രധാനമായും ആശ്രയിച്ചു കൊണ്ടിരുന്നത് ഇംഗ്ലീഷ്-ഹിന്ദി പത്രങ്ങളും  റോയിട്ടേര്‍സിന്‍റെ ടെലിപ്രിന്‍ററിനെയും ആയിരുന്നു. ദിനപത്രമായിരുന്നത് കൊണ്ട് സമയക്കുറവ് ഒരു വലിയ പ്രശ്നമായിരുന്നു. അങ്ങിനെ അബ്ദുള്ളയെ സഹായിക്കാന്‍ ഞാനും കൂടി. ക്രമേണ പ്രൂഫ്‌ റീഡിങ്ങ് ചെയ്യുവാനും മറ്റു വാര്‍ത്തകള്‍ എഴുതുവാനും ആരംഭിച്ചു.

അക്കാലത്ത് സിംഗപ്പൂരില്‍ പലയിടങ്ങളിലും മലയാള നാടകങ്ങള്‍ അരങ്ങേറുമായിരുന്നു. നാട്ടില്‍ നിന്ന് തന്നെ നാടകവായനയൊക്കെ പതിവുണ്ടായിരുന്നത് കൊണ്ട്, അതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍  എഴുതുവാനുള്ള ചുമതലയും എനിക്കായി. കുറച്ചു കാലം കഴിഞ്ഞപ്പോള്‍ സാഹിത്യ പംക്തികള്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന ഞായറാഴ്ച പതിപ്പിന്റെ ചുമതലയും വന്നു ചേര്‍ന്നു.

10)   അക്കാലത്ത് സിംഗപ്പൂരില്‍ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്നു അല്ലെ? പ്രത്യേകിച്ചും മലയാളികളുടെ ഇടയില്‍?

അതെ സാഹിത്യവുമായി ബന്ധമുള്ള ധാരാളം പേര്‍ അന്ന് ഇവിടെ ഉണ്ടായിരുന്നു. എഴുത്തുകാരായും വായനക്കാരായും. ‘കലിക’ സിനിമ എഴുതിയ ബി.എം.സി നായര്‍, അന്നത്തെ ഇന്ത്യന്‍ എംബസ്സിയിലെ ഫസ്റ്റ് സെക്രട്ടറി ആയിരുന്നു അദ്ദേഹം. പി.എന്‍ ബാല്‍ജിയുടെ അച്ഛന്‍ കവി പുറവങ്കര നാരായണന്‍ നായര്‍, എം.കെ മേനോന്‍ ( വിലാസിനി) തുടങ്ങിയവര്‍ അന്ന് സിംഗപ്പൂരില്‍ ഉണ്ടായിരുന്നു. വിലാസിനി നാല്‍പ്പതോളം വര്‍ഷം ഇവിടെ കഴിഞ്ഞിരുന്നു. എന്‍റെ അയല്‍വാസിയും ആയിരുന്നു. എന്‍റെ സൃഷ്ടികള്‍ക്ക് ഒരുപാട് പ്രചോദനം നല്‍കിയവരില്‍ ഒരാള്‍ അദ്ദേഹമായിരുന്നു. വിലാസിനിയുടെ പ്രസിദ്ധമായ  ‘അവകാശികള്‍’ സിംഗപ്പൂരില്‍ വച്ച് എഴുതിയതാണ്.

 

11)    എപ്പോഴാണ് പലപ്പോഴായി എഴുതി വച്ച കവിതകള്‍ ചേര്‍ത്ത് പുസ്തകസമാഹാരമായി പ്രസിദ്ധീകരിക്കണം എന്ന് തോന്നിയത്?

 

സത്യത്തില്‍ എന്‍റെ പുസ്തകങ്ങള്‍ എല്ലാം തന്നെ ആരുടെയെങ്കിലും പ്രേരണയാല്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളവയാണ്  മഴവില്ലുകള്‍ എന്ന എന്‍റെ ആദ്യ കവിതാസമാഹാരത്തിലെ കവിതയില്‍ തിരഞ്ഞെടുത്തത് എം.കെ മേനോന്‍ ആയിരുന്നു. ‘മഴവില്ലുകള്‍’ അച്ചടിക്കാന്‍ നിര്‍ബന്ധിച്ചതും  സഹായിച്ചതും ജി.വിവേകാനന്ദന്‍ ആയിരുന്നു. ഒരിക്കല്‍ സിംഗപ്പൂരില്‍ വന്നപ്പോള്‍ എന്‍റെ കയ്യില്‍ നിന്ന് കുറെ കവിതകള്‍ വാങ്ങി കൊണ്ട് പോയി ഗുപ്തന്‍ നായര്‍ അച്ചടിപ്പിച്ചതാണ് എന്‍റെ രണ്ടാമത്തെ പുസ്തകം.  അതു പോലെ ഏറ്റവും അവസാനം ഇറങ്ങിയ പുസ്തകത്തിന്‍റെ പ്രേരണാശക്തി പെരുമ്പടവം ശ്രീധരന്‍ ആണ്.  

12)   താങ്കളുടെ കവിതകളെ ജീവിതാനുഭവങ്ങള്‍ സ്വാധീനിച്ചിട്ടുണ്ടോ?

 

ഉണ്ടെന്നും ഇല്ലെന്നും പറയുന്നത് ശരിയാണ്. രണ്ടുമാകാം. പക്ഷെ, ഒരിക്കലും കവിത കവിതയാകണമെങ്കിലോ കഥ കഥയാകണമെങ്കിലോ കുറച്ചൊക്കെ ഭാവന ഇല്ലാതെ പറ്റില്ല. എഴുത്തുകാരന്‍ അയാള്‍  ചിത്രീകരിക്കുന്ന കഥാപാത്രത്തിലേക്ക് ആവേശിച്ചെങ്കിലേ പറ്റൂ. നമ്മള്‍ സ്വന്തം വ്യക്തിത്വം മറന്ന് അതായത് ഒരു പരകായപ്രവേശം നടത്തണം. ഒരു കഥാപാത്രത്തിനെ കൊണ്ട് പറയാവുന്ന സംഭാഷണങ്ങളെ അതിനെ കൊണ്ട് പറയിപ്പിക്കാന്‍ കഴിയൂ. എഴുത്തുകാരന് എന്തുമാത്രം കഥാപാത്രവുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിയുമോ അത്രത്തോളം വിജയകരമായിരിക്കും ആ സൃഷ്ടി. വലിയ എഴുത്തുകാര്‍ക്കൊക്കെ വളരെപ്പെട്ടന്ന് തന്‍റെ കഥാപാത്രമായി മാറാന്‍ കഴിയും. ഉദാഹരണമായി ഷെക്സ്പിയര്‍, അദ്ദേഹത്തിന്‍റെ മാര്‍ക്ക് ആന്‍റണിയും ഡസ്ഡിമോണായും ഒക്കെ.

 

13)    കവിതകളില്‍ പലപ്പോഴും ദുഃഖാത്മകത കൂടുതലായി കാണുന്നുണ്ടല്ലോ?

ഇതേ അഭിപ്രായങ്ങള്‍ മുന്‍പ് പലരും പറഞ്ഞിട്ടുണ്ട്. സുകുമാര്‍ അഴീക്കോട്‌ പറഞ്ഞു, എം.കെ സാനു പറഞ്ഞു. ജീവിതത്തിലെ അനുഭവങ്ങള്‍ കൊണ്ടാണോ എന്ന് ചോദിച്ചാല്‍ അല്ല എന്ന് പറയേണ്ടി വരും.ജീവിതത്തില്‍ അങ്ങിനെ ഉള്ള വന്‍ പരാജയങ്ങളോ, ദുഃഖാത്മകമായ വലിയ സംഭവങ്ങളോ ഉണ്ടായിട്ടില്ല. ഇല്ലെന്നല്ല. പക്ഷെ ജീവിതത്തെ മൊത്തത്തില്‍ വിലയിരുത്തുമ്പോള്‍ പ്രസാദാത്മകമായിരുന്നു. എന്നിരുന്നാലും കവിതകള്‍ കൂടുതലും ദുഃഖാത്മകമാകുന്നതിനു കാരണം എനിക്ക് തോന്നുന്നത്  കവിതകളെ കൂടുതല്‍ വികാരതീവ്രമാക്കുക എന്നുള്ള ഉദ്ദേശ്യം ഉള്ളതുകൊണ്ടായിരിക്കാം. സന്തോഷാത്മക കവിതകളെ തീവ്രമാക്കാന്‍ പലപ്പോഴും എനിക്ക് കഴിയാറില്ല. മറ്റു ചിലര്‍ക്ക് കഴിയുമായിരിക്കാം. അല്ലെങ്കില്‍ ദുഃഖാത്മകകവിതകളാണ് എനിക്ക് കൈകാര്യം ചെയ്യാന്‍ എളുപ്പമായി തോന്നുന്നത്.  അതിനര്‍ത്ഥം പ്രസാദാത്മക കവിതകള്‍ എഴുതിയിട്ടില്ല എന്നല്ല.

 

14)   ആധുനിക കവിതകളോടുള്ള സമീപനം എങ്ങിനെയാണ്? വായിക്കാറുണ്ടോ?

 

എനിക്കറിയില്ല എങ്ങിനെയാണ് പലരും ആധുനിക കവിതയെന്ന പേരില്‍ രണ്ടു വാചകങ്ങള്‍ കുത്തിക്കുറിച്ചിട്ടു അതിനെ ഗദ്യകവിതയെന്നു വിളിക്കുന്നതെന്ന്. യഥാര്‍ത്ഥ ഗദ്യ കവിതകള്‍ കാണണമെങ്കില്‍ ടാഗോറിന്‍റെതു പോലുള്ള ഗദ്യ കവിതകള്‍ വായിക്കണം. അതു കവിതയുള്ള ഗദ്യമാണ്. എന്‍റെ വ്യകതിപരമായ അഭിപ്രായത്തില്‍ കവിത കവിതയാകണമെങ്കില്‍ അതിനൊരു താളം വേണം. താളത്തിന്‍റെ ഒരു വകഭേദമാണ് വൃത്തം.വൃത്തം ശരിയാകുമെങ്കില്‍ താളം ശരിയാകും. വൃത്തം അറിയില്ലെങ്കിലും താളം ഒപ്പിച്ചു എഴുതിയാല്‍ അതില്‍ നമ്മള്‍ അറിയാതെ ഒരു വൃത്തം ഉണ്ടാകും. ആശാനെപ്പോലുള്ള പഴയകവികള്‍ക്ക് വൃത്തബോധമുണ്ടായിരുന്നു. എന്നാല്‍ പിന്നീടുള്ള പല കവികള്‍ക്ക് വൃത്തം പൂര്‍ണമായും  അറിയാമായിരുന്നു എന്ന് തോന്നുന്നില്ല. പക്ഷെ അവര്‍ക്ക് താളബോധം ഉണ്ട്. ചങ്ങമ്പുഴയുടെ കവിത ഇത്ര സംഗീതാത്മകം ആക്കുന്നത് ഈ താളബോധമാണ്. ഈ താളബോധം കവിതയെ മനസ്സില്‍ ഉറപ്പിച്ചു നിര്‍ത്തും. ഇന്നത്തെ കവിതകളില്‍ എത്ര കവിതകള്‍ എഴുതിയ ആള്‍ക്ക്തന്നെ കാണാതെ ചൊല്ലാനൊക്കും? ഈ താളബോധം കൊണ്ട് തന്നെയാണ് ഗദ്യത്തെ അപേക്ഷിച്ച് കവിതകള്‍ പലതവണ വായിക്കാന്‍ നമുക്ക് തോന്നുന്നത്. പക്ഷേ താളം കൊണ്ട് മാത്രം കവിത ആകും എന്നും തോന്നുന്നില്ല. പറയുന്ന ആശയത്തിനും കഴമ്പുണ്ടാകണം.

15)   കവിതകള്‍ ഈ രീതിയിലേക്ക് മാറുന്നതില്‍ ആധുനിക വായനക്കാരന് ഒരു പങ്കു ഉണ്ട് എന്ന് തോന്നുന്നുണ്ടോ? അതായത് പണ്ട് കവിതകളില്‍ ഉപയോഗിച്ചു കൊണ്ടിരുന്ന പല മലയാളവാക്കുകളും ഇന്നത്തെ തലമുറയ്ക്ക് മനസിലാക്കാന്‍ പോലും പ്രയാസമാണല്ലോ?

കവിതകളോ ചിത്രകലയോ ആസ്വദിക്കുവാന്‍ ഒരാള്‍ക്ക്‌ അവയെക്കുറിച്ചുള്ള അടിസ്ഥാനപരമായ അറിവെങ്കിലും വേണം. പിക്കാസോയുടെ ചിത്രത്തില്‍ എനിക്ക് അത്ഭുതകരമായൊന്നും തോന്നാറില്ല. കാരണം എന്‍റെ ചിത്രകലയെക്കുറിച്ചുള്ള അറിവ് വളരെ പരിമിതമാണ്. കവിത എഴുതെണമെങ്കില്‍ മാത്രമല്ല അതു ആസ്വദിക്കാനും ഒരു നിലവാരം വേണം. അന്യഭാഷക്കാരനായ ഒരാള്‍ ആസ്വദിക്കുന്നത് കവിതയല്ല അതിന്‍റെ താളം മാത്രമാണ്. 

16)   എങ്കിലും കവിതയെ ജനകീയമാക്കുന്നതും സമകാലികപ്രശ്നങ്ങളെ കുറിച്ച് എഴുതുന്നതും കാലഘട്ടത്തിന്‍റെ ആവശ്യമല്ലേ?

അതൊക്കെ താല്‍ക്കാലിക പ്രതിഭാസങ്ങളാണ്. നീണ്ടു നില്‍ക്കും എന്ന് തോന്നുന്നില്ല. സമകാലികതയെകുറിച്ചെഴുതിയാല്‍ ആ കാലം കഴിയുമ്പോള്‍ അതിനോടുള്ള താല്‍പര്യവും കുറയും. വരുന്ന തലമുറക്ക് അത് ആസ്വദിക്കാന്‍ കഴിയില്ല. എന്നാലും സമകാലിക പ്രശ്നങ്ങള്‍ വിഷയമാക്കുന്ന ചില കവിതകള്‍ നിലനില്‍ക്കുന്നുണ്ട്. ആശാന്‍റെ ദുരവസ്ഥ നിലനില്‍ക്കുന്നില്ലേ? അത് ഒരു പക്ഷെ കവിയുടെ കഴിവ് കൊണ്ടായിരിക്കാം. സമകാലിക പ്രശ്നമായത്‌ കൊണ്ട് ആ കവിത നിലനില്‍ക്കുമോ എന്ന് ആശാന്‍ തന്നെ അന്ന് സംശയിച്ചിരുന്നു.

17)    ഇംഗ്ലീഷ് കവിതകള്‍ എഴുതി പുരസ്കാരങ്ങള്‍ നേടിയതായി കേട്ടിട്ടുണ്ട്. അതു ആരംഭിക്കുവാനുള്ള പ്രചോദനമെന്തായിരുന്നു?

ആദ്യമൊക്കെ ഇംഗ്ലീഷ് കവിതകള്‍ എഴുതുവാന്‍ എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല. കാരണം വിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ നഷ്ടപ്പെടുന്നതെന്താണോ അതാണ്‌ കവിത എന്ന് കേട്ടിട്ടില്ലേ? അതു ശരിയാണെന്നാണ് എന്‍റെയും വിശ്വാസം. കാരണം കവിതകളിലെ പല പ്രയോഗങ്ങളും ഭാഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. ലോകത്തിന്‍റെ ഏതു ഭാഗത്തു നിന്നും ഉള്ള ആംഗലേയ കവിതകളുടെ ഒരു മത്സരം നടത്തുന്നതായി  ഒരിക്കല്‍  ഇംഗ്ലണ്ടില്‍ ആയിരിക്കുമ്പോള്‍ ഇന്‍റര്‍നാഷണല്‍ ലൈബ്രറി ഓഫ് പോയട്രിയുടെ ഒരു പരസ്യം കണ്ടു. ഒരു കവിത വിവര്‍ത്തനം ചെയ്താലെന്ത് എന്ന് ഞാനും ആലോചിച്ചു. പിന്നീട് കുറെ മാസങ്ങള്‍ അതിനെ കുറിച്ച് ഓര്‍ത്തതേയില്ല. ആയിടക്കാണ് എന്‍റെ മരുകളായ താര എന്‍റെ ഒരു കവിത ‘നിറങ്ങള്‍ നിഴലുകള്‍’ , ‘Hues and Shadows’ എന്ന പേരില്‍ വിവര്‍ത്തനം ചെയ്തു എന്നെ കാണിച്ചത്. നല്ലതാണ് എന്ന് എനിക്കും തോന്നി. അങ്ങിനെ മൂലഭാഷ മലയാളമാണ് എന്നും ഇത് വിവര്‍ത്തനമാണ് എന്ന കുറിപ്പോടു കൂടി  അയച്ചു കൊടുത്തു.  പിന്നീട് കുറച്ചു കവിതകള്‍  ചെയ്‌താല്‍ കൊള്ളാമെന്നു തോന്നി ചില കവിതകള്‍ ഞാനും വിവര്‍ത്തനം ചെയ്തു. ഇന്റര്‍നാഷണല്‍ ലൈബ്രറി ഓഫ് പോയട്രിയുടെ മാഗസിനായ  ‘പോയറ്റ്സ് ഓഫ് ദി വേള്‍ഡ്’ ന്  മറ്റു പല കവിതകളും അയച്ചു കൊടുത്തു. മാഗസിനില്‍ അവ പ്രസിദ്ധീകരിക്കുകയും ചെയ്തു. അനുബന്ധസംഘടനയായ ഇന്റര്‍നാഷനല്‍ പോയറ്റ്സിന്‍റെ ക്ഷണപ്രകാരം അമേരിക്കയില്‍ നടന്ന രണ്ടായിരത്തോളം കവികളുടെ ഒരു മഹാസമ്മേളനത്തില്‍ പങ്കെടുക്കുവാനും അവസരം ലഭിച്ചു. ‘Hues and Shadows’ അയ്യായിരത്തോളം കവിതകളില്‍ മികച്ച പത്തു കവിതകളില്‍ ഒന്നായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

18)   ശ്രീനാരായണമിഷന്‍റെ പ്രസിഡണ്ടായി വളരെക്കാലം സേവനമനുഷ്ടിച്ചിട്ടുള്ള തായി കേട്ടിട്ടുണ്ട്. അങ്ങയുടെ സിംഗപ്പൂരിലെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ ആയിരുന്നു?

വന്നകാലം തൊട്ടു തന്നെ കേരളസമാജവുമായി ബന്ധമുണ്ടായിരുന്നു. പിന്നീട് മലയാളി അസോസിയേഷനും കേരളസമാജവും യോജിച്ച് ‘കേരള അസോസിയേഷന്‍’ ആയപ്പോളും അതിന്‍റെ ഭാഗമായിരുന്നു. ചെറുപ്പമായിരുന്നുവെങ്കിലും അസോസിയേഷനിലെ മുതിര്‍ന്നവരുടെ വിശ്വാസം നേടിയെടുക്കാന്‍ സാധിച്ചിരുന്നു. കെ.പി.കേശവമേനോന്‍, സി.കേശവന്‍ തുടങ്ങിയവര്‍  സിംഗപ്പൂരില്‍ വന്നപ്പോളും ദേവന്‍ നായര്‍ സിംഗപ്പൂര്‍ പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോളും മംഗളപത്രം എഴുതി തയ്യാറാക്കി കൊടുക്കുവാന്‍ നിയോഗിക്കപ്പെട്ടിരുന്നു. കുറെ വര്‍ഷത്തോളം കേരള അസോസിയേഷന്‍ന്‍റെ കള്‍ച്ചറല്‍ സെക്രട്ടറി ആയിരുന്നു. അക്കാലത്ത് ഞങ്ങള്‍ ധാരാളം നാടകങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കുറച്ചു കാലങ്ങള്‍ക്ക് ശേഷം ശ്രീനാരായണമിഷന്‍റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. പല സമയങ്ങളില്‍ ആയി ഏതാണ്ട് പതിനേഴു വര്‍ഷത്തോളം ശ്രീനാരായണമിഷന്‍റെ പ്രസിഡണ്ട് ആയിരുന്നു. ഇടക്കാലത്ത് നാലുവര്‍ഷത്തോളം ഹിന്ദു ഉപദേശകസമിതിയില്‍ അംഗമായിരുന്നു.

18. അവസാനമായി ഇപ്പോളത്തെ  സിംഗപ്പൂരിലെ മലയാളി സമൂഹത്തെ  എങ്ങിനെ വിലയിരുത്തുന്നു?

ഞാന്‍ സിംഗപ്പൂരില്‍ എത്തിയ കാലത്ത്  സെമ്പവാങ്ങില്‍ ആയിരുന്നു പ്രധാനമായും മലയാളികള്‍ ഉണ്ടായിരുന്നത്. അവരില്‍ പലരും ഉന്നതവിദ്യാഭ്യാസം നേടാത്ത സാധാരണക്കാരായ മലയാളികള്‍ ആയിരുന്നു. അമ്പതുകളില്‍ സജീവമായിരുന്ന മലയാളി സമൂഹത്തിന്‍റെ എണ്ണം തുടര്‍ന്നു വന്ന രാഷ്ട്രീയ പരിതസ്ഥിതികള്‍ കൊണ്ട് ശോഷിച്ചു. ഒരുപിടി മലയാളികള്‍ വെള്ളക്കാരോടോപ്പം ഇംഗ്ലണ്ടിലേക്ക് പോയി. മാത്രവുമല്ല അമ്പതുകള്‍ക്ക് ശേഷം, വിദേശികള്‍ സിംഗപ്പൂരിലേക്ക് വന്നു സ്ഥിരതാമസമാക്കുന്നത് നിയന്ത്രിക്കപ്പെട്ടു. ചിലര്‍ നാട്ടിലേക്ക് തിരിച്ചു പോയി. ഒരു ഡസനോളം നാടകങ്ങള്‍ നടന്നിരുന്ന സിംഗപ്പൂരില്‍ ഇപ്പോള്‍ നാടകങ്ങള്‍ ഒട്ടും ഇല്ലാതായി. പിന്നീടു മലയാളികള്‍ കൂടുതല്‍ വരാന്‍ തുടങ്ങിയത് ഈയിടെയാണ്.നാടകങ്ങള്‍ ഇനിയും പുനരരംഭിച്ചിട്ടില്ല എന്നതൊഴിച്ചാല്‍ വളരെ മികച്ച രീതിയിലുള്ള മറ്റു കലാ സാഹിത്യ സാമൂഹിക പ്രവര്‍ത്തങ്ങള്‍ ഇപ്പോള്‍ സിംഗപ്പൂരില്‍ മലയാളികള്‍ നടത്തുന്നത് സന്തോഷജനകമാണ്.